12:10am 12 June 2026
NEWS
ദേവഗൗഡയെ ബിജെപി കൂടെ നിർത്തും; 2028 ൽ കർണാടകത്തിൽ വൊക്കലിഗ പോരാട്ടം
11/06/2026  12:18 PM IST
വിഷ്ണുമംഗലം കുമാർ
ദേവഗൗഡയെ ബിജെപി കൂടെ നിർത്തും; 2028 ൽ കർണാടകത്തിൽ വൊക്കലിഗ പോരാട്ടം


 മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയ്‌ക്ക് പ്രായം 93 ആയെങ്കിലും രാഷ്ട്രീയത്തിൽ അദ്ദേഹം സജീവമാണ്. അറുപത്തിനാലു വർഷത്തെ സുദീർഘവും സംഭവബഹുലവുമായ രാഷ്ട്രീയ പ്രവർത്തന ചരിത്രമുള്ള അദ്ദേഹത്തിന്റെ രാജ്യസഭ അംഗത്വം ഈ മാസം ഇരുപത്തിയഞ്ചിനു അവസാനിക്കും. 2020ൽ കോൺഗ്രസ്സിന്റെ പിന്തുണയോടെയാണ് അദ്ദേഹം രാജ്യസഭയിൽ എത്തിയത്. 2024 മുതൽ ജെഡിഎസ്സ് പക്ഷം മാറി ബിജെപിയോട് ഒപ്പമാണ്. ഇനി ദേവഗൗഡയ്‌ക്ക് രാജ്യസഭ അംഗമാകണമെങ്കിൽ ബിജെപി പിന്തുണക്കണം. കർണാടകത്തിൽ ബിജെപിയ്ക്ക് 62 എംഎൽഎമാരാണുള്ളത്. ഒരാളെ രാജ്യസഭയിലേക്കയക്കാൻ 45 എംഎൽഎമാരുടെ പിന്തുണ വേണം. ബിജെപിയും 18 എംഎൽഎമാരുള്ള ജെഡിഎസ്സും  ചേർന്നാലും ഒരാളെയെ രാജ്യസഭയിലേക്ക് അയക്കാനാവൂ. സംസ്ഥാനത്ത് നാല് രാജ്യസഭ സീറ്റുകൾ ഒഴിവുള്ളതിൽ കോൺഗ്രസിന് മൂന്നുപേരെ ജയിപ്പിക്കാം. മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ, ചലച്ചിത്രതാരം സുമലത എന്നിവർ ബിജെപിയുടെ രാജ്യസഭ ടിക്കറ്റിനായി പരിശ്രമിച്ചിരുന്നു. എന്നാൽ പിന്നോക്കവിഭാഗക്കാരനായ പ്രൊഫസർ എം നാഗരാജിനെയാണ് ബിജെപി ദേശീയ നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. എബിവിപിയിലൂടെ വളർന്നുവന്ന നാഗരാജ് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണെങ്കിലും ലോ പ്രൊഫൈൽ ആഗ്രഹിക്കുന്ന നേതാവാണ്. അദ്ദേഹത്തെയാണ് ബിജെപി തെരഞ്ഞുപിടിച്ച് രാജ്യസഭയിലേക്ക് അയക്കുന്നത്. വീണ്ടും രാജ്യസഭയിലേക്ക് പോകാൻ ദേവഗൗഡ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രായാധിക്യം കാരണമാകാം ജെഡിഎസ്സ് അത്തരം ഒരു ആവശ്യം ബിജെപിയുടെ മുന്നിൽ വെക്കാതിരുന്നത്. അദ്ദേഹം വീണ്ടും രാജ്യസഭയിൽ അംഗമാകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് മകനും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി പറയുന്നു. എന്നാൽ കോൺഗ്രസ്സ് പ്രചരിപ്പിക്കുന്നത് ബിജെപി ദേവഗൗഡയെ തഴഞ്ഞുവെന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേവഗൗഡയും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ട് ഇക്കഴിഞ്ഞ ദിവസം ദേവഗൗഡ ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. ഒരു മുൻപ്രധാനമന്ത്രി നിലവിലെ പ്രധാനമന്ത്രിയെ പുകഴ്ത്തുന്ന പതിവ് നമ്മുടെ രാജ്യത്ത് അപൂർവ്വമാണ്. മുൻ പ്രധാനമന്ത്രിമാരിൽ ദേവഗൗഡ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നതും യഥാർഥ്യമാണ്. ആദ്യ പ്രധാനമന്ത്രി നെഹ്‌റുവുമായി താരതമ്യം ചെയ്തുകൊണ്ട് നരേന്ദ്രമോദിയുടെ പല ഗുണഗണങ്ങളും ദേവഗൗഡ ലേഖനത്തിൽ എടുത്തുകാട്ടുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ തടസ്സമായില്ലെങ്കിൽ ബിജെപി വേറെ ഏതെങ്കിലും സംസ്ഥാനത്തുനിന്ന് ദേവഗൗഡയെ രാജ്യസഭയിലേക്ക് അയക്കുകയോ മറ്റെന്തെങ്കിലും പ്രധാനപ്പെട്ട അംഗീകാരം നൽകുകയോ ചെയ്യുമായിരിക്കും. 2028 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ്‌ നേതാവും പ്രമുഖ വൊക്കലിഗനും ദേവഗൗഡയുടെ മകനുമായ കുമാരസ്വാമിയെ മുഖ്യമന്ത്രിസ്ഥാനാർഥിയാക്കി ഡി കെ നയിക്കുന്ന കോൺഗ്രസിനെ നേരിടാനാണ് ബിജെപി തയ്യാറെടുക്കുന്നത്. സംസ്ഥാനം കാണാൻ പോകുന്നത് സംഘർഷം നിറഞ്ഞ വൊക്കലിഗ പോരാട്ടമായിരിക്കും. ദേവഗൗഡയെ രാജ്യസഭയിലേക്ക് അയക്കാത്തത് ബിജെപി-ജെഡി എസ്സ് ബന്ധത്തിൽ വിള്ളലുണ്ടാക്കാനിടയില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img